പൊന്നോണം

മൺമറഞ്ഞുപോയ ആ നല്ലോണ നാളുകളിലേക്ക് ഒരു തിരിഞ്ഞു നോട്ടം. ഗ്രഹാതുരത്വം നുണയുന്ന മലയാളി പുതിയ രീതിയിൽ ആയാൽ തന്നെയും ഓണം കൊണ്ടാടുന്നു എന്നത് നല്ലതു തന്നെ. ഓർമ്മകൾ ഉള്ള കാലത്തോളം ആ പഴയോണ നാളുകൾക്ക് തന്നെയാണ് മധുരം; ഒപ്പം നേരിയ എരിവും പുളിയും…

എല്ലാ സുഹൃത്തുക്കൾക്കും, മനസ്സിൽ സന്തോഷവും, സമാധാനവും നിറഞ്ഞ ഒരു പൊന്നോണം ആശംസിക്കുന്നു.

തീരംതേടി

വഴിയറിയാതെ വേഷമറിയാതെ,

തേടും തീരമറിയാതെ വിഷാദനായി,

ക്രുദ്ധനായി നിൽപൂ ഇന്നിന്റെ യൗവ്വനം.

 

കണ്ണിൽ നിറയുന്ന അഗ്നിയിൽ

കരുണതേടുന്ന പലമുഖങ്ങൾ…

കിരാതമേതോ പീഠനകഥ പറയുവാൻ വിറച്ചിങ്ങു നിൽപതൊ ?

അതോ, പകയേറും തീക്ഷണമോ?

 

നീതിതേടി അലയുവാൻ നേരമില്ല..

തീരമണയും മുന്നേ തീർക്കുവാനാവോളം, പക്ഷെ…

കണ്ടെത്തിയില്ലിനിയുമാ കാർക്കോടകനെ…

പകലും രാവുമിനിയൊന്നാണീ യാത്രയിൽ.

 

രുദ്രനീതി അതൊന്നുമാത്രമീ യാത്രക്കൊടുവിലെ കർമ്മം…

എരിയും അഗ്നിയിൽ ആയുധത്തിനു മൂർച്ചകൂട്ടി ..

തീരംതേടിയീ യാത്ര…

ഒന്നല്ല ഒരായിരം കൂടെ.

 

ഓണം 2015

ഓര്‍മ്മകളിലെ ഓണം ആണ് എനിക്കിഷ്ടം, ഇന്ന് എല്ലാം ഒരുതരം കാട്ടിക്കൂട്ടലുകളായി മാറി ..
പഴയപോലെ മനസ്സില് നിറക്കാന്‍ ഇന്ന് ഓണം ഒന്നും തരാറില്ല ,,,,
ഏങ്കിലും ഞാന്‍ തേടി പോവുകയാണ് നാട്ടിലേക്കു ….
ആ മണ്ണില്‍ അതിന്ടെ മണം ഉണ്ട് ,
തൊടിയിലെ വാഴയിലക്ക്‌ ആ കാലത്തിന്റെ പരിപ്രേക്ഷ്യമാകാനുള്ള അവശേഷിക്കുന്ന നൈര്‍മല്യം ഉണ്ട് …

എല്ലാവര്‍ക്കും നന്മയുടെയും ഐശ്വര്യത്തിന്റെയും ഒരു പൊന്നോണം ആശംസിക്കുന്നു …
മനസ്സുകൊണ്ട് ഹൃദയം തൊട്ടു ജീവിതത്തിലെ ഓരോ നിമിഷവും നന്നായി ആസ്വദിക്കാന്‍ കഴിയട്ടെ …..

തോന്നലുകള്‍

സന്ധJക്കു  നീയെന്റെ അരികിലെത്തുമ്പോല്‍ ഇന്നിന്റെ പ്രഭാതമായി ….
കണ്ണിലും നെഞ്ചിലും ഒരു നൂറു പൊന്നാമ്പല്‍പൂമൊട്ടു വിരിഞ്ഞപോല്‍ ഉന്മാദ തിരകള്‍ തന്‍ വേലിയേറ്റം

 

 

വീണ്ടും ഒരോണം!

കാലം എന്നും അതിന്റെ വഴിക്കാണ് , ഓര്മ്മ മരിക്കാത്ത മനസ്സുകളിൽ ഇന്നും ആ പൊന്നോണം ഒരു നിറനിലാവുപോലെ ശോഭിച്ചു നില്ക്കുന്നുണ്ടാകും ….

കുറെ പഴമ നഷ്ടം വന്നിട്ടുണ്ട് എന്നിരുന്നാലും ഓണം ആഘോഷിക്കാൻ ഇന്നും എല്ലാവരും ഇഷ്ടപ്പെടുന്നു … അത് പല രീതിയിൽ ആണെന്നു മാത്രം .

പ്രിയമുള്ള എല്ലാ വായനക്കാര്ക്കും എന്റെ ഹൃദയം നിറഞ്ഞ ഓണാശംസകൾ !

ഓര്‍മ്മയിലെ നൊമ്പരങ്ങള്‍ ..എന്റെ നേട്ടങ്ങളും

കണ്ണു നനയിക്കുന്ന ഒരായിരം ഓര്‍മ്മകളുള്ള ഒരു കുട്ടിക്കാലം എനിക്കുണ്ടായിരുന്നില്ല . ഓര്‍ത്താല്‍  കണ്ണുനിറയുന്ന ഒരുപാടു ദിനങ്ങള്‍ , ഒരുപാടു അടികള്‍  കിട്ടിയിരുന്ന ദിനങ്ങള്‍  ഉള്ള ഒരു കുട്ടിക്കാലം എന്ന് വേണമെങ്കില്‍  പറഞ്ഞു ഒപ്പിക്കാം . നിങ്ങള്‍ക്കോ ???ആ അടികളൊക്കെ എന്തിനായിരുന്നു ….? കൂട്ടുകാര്‍ക്കൊപ്പം വീടിനു വെളിയില്‍ പോയാല്‍ ….. മുടി വെട്ടിക്കാന്‍  ഒരു ദിവസം വൈകിയാല്‍ …. അനിയത്തി കാട്ടുന്ന കുരുത്തക്കേടിനു….. അങ്ങനെ പോകുന്നു ആ വലിയ നിര . എന്തുകൊണ്ടോ! അറിയില്ല ഒന്‍പതാം ക്ലാസ്സില്‍  ആയതിനു ശേഷം അടി കിട്ടിയിട്ടില്ല ; പ്രയോജനം ഇല്ലാന്നു കരുതി നിര്ത്തിയതാവാം ! അപ്പോളും  ഇടയ്ക്കിടയ്ക്ക്  കര്‍ശനമായ താക്കീതുകള്‍ … ഉണ്ടായിരുന്നു …

അടിയുടെ സുഖം ഞാന്‍ അറിയുന്നതും ആഴത്തില്‍ മനസ്സിലാക്കുന്നതും പത്തിലെ ഫലം വന്നപ്പോള്‍ ആണ് . അടി എത്രയോ നല്ലതാണെന്ന് ഇന്നും ഞാന്‍ വിശ്വസിക്കുന്നു . അന്ന് കേട്ട വഴക്ക്  അല്ല നല്ല ചീത്ത …. അതിനു  അടിയുടെ ആ മധുരമല്ല … കാഞ്ഞിരക്കുരുവിന്റെ കയ്പുപോലെ ; കലാന്തരത്തോളം നീളുന്ന നീറ്റല്‍  ആണ് . രണ്ടു  ദിവസം ആഹാരം കഴിക്കാതെ ഒക്കെ വാശി പിടിച്ചു നടന്നു പക്ഷെ വയറിനു അറിയില്ലല്ലോ പത്തിലെ മാര്‍ക്ക്  കുറഞ്ഞിട്ടാണ്  വഴക്കും വാശിയും എന്ന് !!!; ഞാന്‍ കഴിക്കാന്‍ തുടങ്ങി .

പിന്നെയും ഒരുപാടു വഴക്കുകള്‍  കേട്ടിരുന്നു , ചിലപ്പോളൊക്കെ കരയുകയും ചെയ്തു ….  ഇതിനിടയില്‍  എവിടെയോ വായിച്ചു ; ആണ്‍കുട്ടികള്‍  എല്ലാം നേരിടാന്‍  പഠിക്കണം .. കരഞ്ഞും…  വിഷമിച്ചും പകലുകള്‍  പാഴാക്കി കളയരുത് എന്ന് ….

ഈ അടിയും , വഴക്കും ഒക്കെ കിട്ടയിട്ടും അതിന്റെ നല്ലഫലം എനിക്കുണ്ടയോ? ഞാന്‍ തന്നെ ഉത്തരം പറയാം “അതെ ” ഒരു നൂറുവട്ടം ! ഞാന്‍ എന്നെ കുറിച്ച് നല്ലതു മാത്രമേ പറയാവൂ എന്നുള്ള വാശി ആണ് എന്ന് തോന്നരുത് ;  ഞാനൊരു കള്ളനോ , കൊലപാതകിയോ , ചതിയനൊ ആയില്ല അത് ചിലപ്പോള്‍  ഈ ശിക്ഷണം കൊണ്ടു കൂടി ആകാം .. ആണോ? അതെ ….

ഒരു ദോഷം എന്താന്നു ചോദിച്ചാല്‍ …. എനിക്കൊരു ഇരുപതു -ഇരുപത്തഞ്ചു വയസ്സൊക്കെ ആയപ്പോള്‍  എന്റെ പ്രിയപ്പെട്ട അച്ഛന്‍  ഒരു സുഹൃത്തിനെപ്പോലെ എന്നോട് വളരെ അനുപചാരികതയോടെ ഇടപഴകുവാന്‍ തുടങ്ങി … ഇതിനു അതേ രീതിയില്‌ പ്രതികരിക്കുവാന്‍ എനിക്ക് കഴിഞ്ഞില്ല … ഇത് എന്റെ മാനസികമായ ഒരു പരാജയം ആയിപ്പോയി … അന്നു അമ്മയുടെയും ഇന്ന് അമ്മയുടെയും ഭാര്യയുടെയും ഇടപെടലുകള്‍  ചില സന്ദര്‍ഭങ്ങളില്‍  ഞാന്‍ അവലംബിക്കാറുണ്ട് …. ചിലപ്പോള്‍ ., എനിക്ക്  ആണോ അച്ഛന്‍  ആണോ മസിലു പിടുത്തം എന്നും തോന്നിപ്പോകും !

ഇനി എനിക്ക് കിട്ടിയ പാഠങ്ങള്‍    അതാണ്  നേട്ടം  എന്ന്  ഞാന്‍  ഇവിടെ ഉദ്ദേശിച്ചത് , ഒരു അഞ്ചാം ക്ലാസ്സുമുതല്‍  തനിച്ചോ അല്ലെങ്കില്‍  അമ്മയോടോപ്പമോ (അച്ഛന്‍  നാട്ടില്  ഉള്ളപ്പോ അച്ഛനൊപ്പം ) കടകളില്‍   സാധനങ്ങള്‍  വാങ്ങാന്  പോയിരുന്നത്  ഇന്നും ഒരു വലിയ കരുത്തായി തുടരുന്നു , സൈക്കിള്‍  കിട്ടുന്നത്  ഒന്പതാം ക്ലാസ്സില്‍  പഠിക്കുമ്പോള്‍  ആണ് പക്ഷെ സ്കൂള്‍  അഞ്ചു കിലോമീറ്റര്  ദൂരെ  ആയതിനാല്‍  തന്നു വിടില്ലായിരുന്നു അപ്പൊ പിന്നെ പൊതു വാഹനങ്ങളിലെ യാത്ര ഇന്നും ഇഷ്ടപ്പെടുന്നതിനു വേറെ കാരണം ഒന്നും ഇല്ല …

ഞാന്‍  അഭിമാനിക്കുന്ന വേറൊരു കാര്യം ഭക്ഷണം പാകം  ചെയ്യാന്‍  പഠിക്കുന്നത്  പതിനാലാമത്തെ വയസ്സിലാണ് , അച്ഛനും   അമ്മയും അനിയത്തിയും കൂടി സ്കൂട്ടറില്‍  നിന്നും വീണു ആശുപത്രിയില്‍  ആയ ദിവസ്സങ്ങളില്‍  ആയിരുന്നു അത് . അച്ചന്റെ അമ്മയുടെ കൂടെ കുറേശ്ശെ  പഠിച്ചു . ഇവിടെയും നൊമ്പരങ്ങള്‍  ആയിരുന്നു കൂട്ട് …. ഞാന്‍  ഓരോ ദിവസവും എങ്ങനെയൊക്കെയോ തള്ളി നീക്കുകയായിരുന്നു .

പിന്നെ വസ്ട്രങ്ങളോട്  വലിയ ഭ്രമം ഉണ്ടായിരുന്നില്ല ആ ശീലം ഉണ്ടാക്കിതന്നില്ല എന്നതാവും ശരി , പക്ഷെ അത് അവശ്യ സമയത്ത് ഒരു ബുദ്ധിമുട്ടും ഉണ്ടായിട്ടില്ല അതിപ്പോ രണ്ടു അടി കിട്ടുന്നതിന്റെ പിറ്റേ ദിവസം ഒരു ബേക്കറി മൊത്തമായും വീട്ടില്‍ ഉണ്ടാകും !!!! ഇപ്പൊ ഞാന്‍  നേരത്തെ പറഞ്ഞ അടിയുടെ മധുരം മനസ്സിലായില്ലേ !

ഒറ്റപ്പെടലുകള്‍ ഉണ്ടായിരുന്നു ഒരു പരുധി വരെ , അതുകൊണ്ടിന്നും എന്ത് ആവശ്യത്തിനും ഒറ്റയ്ക്ക്  ഇറങ്ങിതിരിക്കാന്‍ മടി ഇല്ല .. എന്റെ ഭാര്യ ചിലപ്പോള്‍  എതിര്ക്കും …! കാരണം ഉണ്ട്  വിവാഹ ശേഷം ഇത്തിരി മടി ഒക്കെ ഉണ്ട് .. അത് വേണമല്ലോ !…. അലക്കാനും ഇസ്തിരി ഇടാനും പാകം ചെയ്യാനും ഒക്കെ എനിക്കിപ്പോ മടിയാ … പക്ഷെ ഉണ്ടാക്കുന്ന ഭക്ഷണമൊക്കെ നല്ല വൃത്തിയായി കഴിച്ചു ഞാന്‍ സന്തോഷിപ്പിക്കാറുണ്ട് . അതും ഒരു കഴിവല്ലേ ?

ഇനിയും “നല്ല” വഴക്കുകള് കേള്ക്കാനും അതിലൂടെ പഠിക്കാനും … വളരാനും ഒക്കെ ഇടവരട്ടെ ….

ഇത്രയൊക്കെ പറഞത് വേറെ ഒന്നും പറയാന്‍  തല്ക്കാലം പറയാന്‍  ഇല്ലാത്തതുകൊണ്ടാണ് ! നൊമ്പരവും .. തീരാദുഖവും …  വേര്പാടും … ഒറ്റപ്പെടലും ഇല്ലാത്തവരുടെ ഒരു ലോകം നമുക്ക് ആഗ്രഹിക്കാനേ പറ്റു … “ലോകാ സമസ്താ സുഖിനോ ഭവന്തു… ” എല്ലാവര്ക്കും നന്മ ഉണ്ടാകട്ടെ …

ഏകാകിയല്ല ഞാന്‍

നീല വാനം  നിഴലുചൂടും  പ്രണയ താഴ്‌വരയില്‍ ,
സ്നിഗ്തമാമൊരു  ഗാനമേതോ അലയടിക്കുമ്പോള്‍ ,
എകാകിയാമെന്‍ യാത്രയിലോക്കെയും ,
അറിയുന്നു ഞാന്‍ നിന്റെ അഭൗമ സ്പര്‍ശം

വെറുമൊരു കാറ്റായി വഴിമാരിയെത്തി നീ ,
നനവുള്ള കൈകളാല്‍ കവിളത്തു നുള്ളിയും ,
അലസമാം മുടികളില്‍ മെല്ലെ തലോടിയും …
അതുവഴി ഇതുവഴി അലക്ഷ്യമായ്‌  തെന്നിമാറി

എന്‍ മൗനമറിയാതെ പാടിയൊരാ യുഗ്മഗാനവും,
ഇനിയും പെയ്തുതോരാന്‍ മടിക്കും  മഴമേഘങ്ങളും ,
നിന്നിലെ പ്രേമവും , നേര്‍ത്ത നൊമ്പരവും ,
എന്റെ ഹൃദയത്തിലേക്കു ഞാന്‍ ചേര്‍ത്തുവെച്ചു

കാണ്മു  ഞാന്‍ നിന്നെയാ നക്ഷത്ര വീചിയില്‍ ,
ഇന്ന് ഞാന്‍ അറിയുന്നു ഏകാകി അല്ല ഞാന്‍ ..
ഏഴു സ്വരങ്ങളും , താളലയങ്ങളും, നീയുമുള്ളവിടെക്ക് ..
ഇന്നിതാ ഞാനും…. ഇനിമുതല്‍ എന്നേക്കും .

കിനാവുകള്‍

എന്‍റെ കിനാവുകള്‍ക്കെത്ര നിറങ്ങള്‍ ?
പറയുവാന്‍ അറിയാത്ത പുതുനിറങ്ങള്‍ ….
പകര്‍ത്തുവാന്‍ അറിയാത്ത നറുനിറങ്ങള്‍ .
രാവുകള്‍തോറും ഏതോ മാസ്മര സ്പര്‍ശവുമായ്…
നിദ്രതന്‍ തേരിലേറി നീയണയും.
കണ്ണിമ തുറക്കാതെ കാണുവാന്‍ കഴിയുന്ന …
അസുലഭ കാഴ്ചയുമായ് വന്നണയും.

ചിലനേരം  നീ തരും വര്‍ണ്ണാഭ നിറയും നിമിഷാര്‍ഥങ്ങള്‍ ,
ചിലനേരം ഇത്തിരി അനിഷ്ടതകള്‍ ,
കണ്ടു പാതി കഴിയുമ്പോള്‍ പിടഞ്ഞെഴുന്നേറ്റു പോകും ഭയാനക രംഗങ്ങളും …
ഇങ്ങനെയൊക്കെ എങ്കിലും ഇഷ്ടപ്പെടുന്നു ഞാന്‍ നിന്നെയോരുപാടു.

കണ്ടു മറന്ന കിനാക്കളെ ഓര്‍ത്തു …
മിണ്ടാതിരുന്ന പുലര്‍വേളകളില്‍ ഒന്നില്‍ ,
ഇനിയും നീ വരും എന്നൊരു തോന്നലാല്‍ …
അറിയാതെ വീണ്ടും ചിരിച്ചുപോയി .

എന്നെയും കൂട്ടി നീ ചെയ്ത യാത്രകളത്രയും ,
എതോരുനാളും വിസ്മരിക്കില്ല ഞാന്‍ .
ഇനിയെത്ര വിസ്മയ സ്വപ്നങ്ങള്‍ കാണുവാനാകും ? അതുമാത്രമെന്‍ മനസ്സിലിപ്പോള്‍.

എവിടെ നിന്ന് നീ വന്നതും,
എവിടേക്കു നീ പോയകന്നതും …
അരൂപിയാം സ്വപന്മേ … നിന്നെ തിരയുന്ന,
എന്നെ ഞാന്‍ കണ്ടതും , ഏതോ ഒരു കിനാവിലായിരുന്നു .

കിനാവും , നിലാവും നിറയുമീ സുന്ദര രാവും …
മഴചാറ്റലും , തൂമഞ്ഞും, രജനീഗന്ധിയും ….
ഇന്നും… നാളെയും… ഇനിയൊരു ജന്മവും
അനശ്വര ശോഭയായ് നിറയട്ടെ.

ഈ രാത്രി ഇനിയെന്നും …….

നിലാവൊരു  സാന്ത്വന  സംഗീതമായെന്റെ  കണ്ണീര്‍  തുടക്കവേ ,
ഒരായിരം  നിശാഗന്ധികള്‍  പൂത്തൊരു  സൗരഭ്യം ഇവിടെയെല്ലാം,
ഇളം  മഞ്ഞു  പൊഴിയുന്ന  നേരം  , കാറ്റിന്‍ തഴുകലും …
ഈ  രാത്രി  പുലരാതെ ..പുലരാതെ ….

പൂമരം  പെയ്യുന്ന  മുറ്റത്തു നില്‍ക്കുമ്പോള്‍ ,
ദൂരെ  എവിടെയോ  നീലാംബരിയുടെ  ആരോഹണം , 

ഇതുവരെ  നുകരാത്ത  മധുരമീ  രാവിനു…
ഈ  രാത്രി  പുലരാതെ ..പുലരാതെ ….

കാലമീ  മണ്ണിനു  മീതെ   ചമച്ച  കെട്ടു കാഴ്ചകള്‍ക്ക് ഒന്നും ,

ഇന്നും  ഇനി  മേലിലും  കഴിയില്ല  രാവിനെ  പോല്‍ …
നിലാക്കുളിരും, പൂമണവും, സാന്ദ്ര സംഗീതവും  പകരുവാന്‍.
ഈ  രാത്രി  പുലരാതെ ..പുലരാതെ ….

വിടരാത്ത  മൊട്ടും , തളിക്കാത്ത  ചില്ലയും …
 
നിശീധിനീ  നിനക്കായ്‌  കാത്തുനില്‍ക്കും ,
നിന്റെ  നിശബ്ദമാം  തലോടലിനായ്.
ഈ  രാത്രി  പുലരാതെ ..പുലരാതെ ….

നിദ്ര  നീ  വരിക  വേണ്ട ,ഇനിയും  ഇത്തിരി  നേരത്തേക്ക്  കൂടി ,

ഇന്നിലെ  രാവല്ല നാളെ , ഋതുക്കള്‍  മാറും, കണ്ടോട്ടെ  കണ്‍ കുളിര്‍കെ …
നിശാ ശലഭങ്ങളെ, പൂക്കളെ, താരാപഥത്തെ ,
പുല്‍ നാമ്പിനെ…
നിറ നിലാവില്‍ കുളിച്ചു നില്‍ക്കും പച്ചിലച്ചാര്‍ത്തുകളെ…, പിന്നെയും പലതുകളെ …
രാത്രീ … നീ മധുരിതമാം ഒരനുഭൂതി, പുതിയൊരുണര്‍വ്വിന്റെ  ശംഖൊലി .




എന്റെ ഓണം

 ണം , വര്‍ണ്ണനകള്‍ ഒന്നും ഇല്ലാതെ തന്നെ, മലയാളിയുടെ മനസോടു ചേര്‍ന്ന് നില്‍ക്കുന്ന വര്‍ണ്ണാഭമായ ഉത്സവം. എല്ലാവരും ഒത്തൊരുമയോടെ ആഘോഷിക്കുന്ന , പങ്കുവെക്കുന്ന … നന്മയുടെ, നിറവിന്റെ ,കൂട്ടായ്മയുടെ നാളുകള്‍ . ഇങ്ങനെയൊക്കെ ഇന്ന് എഴുതാന്‍ മടിയാണ് . ഇപ്പൊ കുപ്പികളുടെ എണ്ണം നോക്കിയാണ് എല്ലാ ഉത്സവങ്ങളും പൊടി പോടിക്കുന്നത് .

മാവേലി വാണ നാട് പോലെ സുന്ദരം അല്ല ഇന്നത്തെ കേരളം , നാടും നാട്ടാരും വളരെ മാറിപ്പോയി , തുമ്പയും , തൊടിയിലെ തെച്ചിയും ഇന്ന് എവിടെ ഉണ്ട് ? പോട്ടെ നല്ലോരോ വാഴയില കിട്ടുമോ , ഒരു നല്ല മാവേലിയെ കൂടി കാണാന്‍ ടിവി കാണേണ്ട അവസ്ഥയാണ്‌ ഇന്ന് മലയാളിക്ക് .– ദുരവസ്ഥ — അതായിരിക്കും കുറേക്കൂടി ഇണങ്ങുന്ന പ്രയോഗം . ഞാന്‍ ഉള്‍പെടുന്ന സമൂഹം ഇന്ന് സമയത്തെ പഴി ചാരി പല കര്‍മ്മങ്ങളും മറക്കുന്നു . ജീവിത ബുദ്ധിമുട്ടുകള്‍ പലര്‍ക്കും ആഘോഷങ്ങളില്‍ നിന്നും അകലം പാലിക്കാന്‍ ഒരു കാരണം ആകുന്നുണ്ടാകാം , എന്നാല്‍ ഓണക്കാലം ഇന്ന് പലരെയും ബുദ്ധിമുട്ടില്‍ ആക്കുന്നു എന്നുള്ളത് ഒരു യാഥാര്‍ദ്ധ്യം ആണ് . ജനസംഖ്യ  31,841,374  (ഏകദേശം) ഉള്ള കേരളം ഉത്സവകാലത് മദ്യപിക്കുന്നത്  ശരാശരി
80 കോടി രൂപക്കാണ് . ഇതിനു എനിക്ക് പരാതി  ഒന്നും ഇല്ല  പക്ഷെ കുടിക്കുവാന്‍ വേണ്ടി മാത്രം തുനിഞ്ഞു ഇറങ്ങുന്നവര്‍ അവരെ കുറിച്ച് ഒന്ന് ചിന്തിക്കുക , അവരുടെ കുടുംബത്തെ ഓര്‍ക്കുക . വെറുതെ പറയാം ആരും ചെയ്യില്ല ..ഇവിടെ നല്ലത് മാത്രം സംഭവിച്ചാല്‍ പല വകുപ്പുകളിലും ആള് കുറക്കേണ്ടി വരും , പോലിസ് ,വക്കീല്‍  , ഡോക്ടര്‍മാര്‍ … ഇവര്‍ക്കൊക്കെ പണി പോകും .

എന്നാലും ഓണക്കാലം എനിക്കിപ്പോഴും  ഒരു പിടി ഓര്‍മ്മകളും , മനസ്സിന് സന്തോഷം ഉണ്ടാകുന്ന ചില ദിവസങ്ങളും ആണ് . എല്ലാവരും “ഓണമല്ലേ” എന്ന് പറഞ്ഞു ഒത്തുകൂടാന്‍ കൊതിക്കുന്ന കുറച്ചു ദിവസങ്ങള്‍.


എന്റെ കുട്ടിക്കാലം ഓര്‍ക്കുമ്പോള്‍  – പൂവിളിയും പൂക്കളം ഇടലും ഒന്നും ഉണ്ടായിട്ടില്ല ,അന്ന്  എല്ലാവരും  കൂടിയിരുന്നു കറിക്ക് നുറുക്കും, നേന്ത്രക്കായ  പൊളിക്കും, –  ഉപ്പേരി  അച്ഛന്‍  വറത്തോളും… നമ്മള്‍  ഉപ്പു  നോക്കിയാല്‍  മതി .
ഓണപ്പാട്ടുകള്‍  ആണ്  എനിക്കിന്നും  മധുരമുള്ള  ഒരു  ഓര്‍മ്മ .രവീന്ദ്രന്‍  മാഷ്‌ (സംഗീതം ) ,ബിച്ചു ,രേമേശന്‍  നായര്‍ ,ശ്രീകുമാരന്‍  തമ്പി (രചന ) യേശുദാസ്‌ ,ചിത്ര ,സുജാത ,മിന്മിനി (ആലാപനം‌ )  തരംഗിണിയുടെ ആണ് കാസെറ്റ് (അന്ന്  സീഡി ഒന്നും പ്രചാരം ആയിട്ടില്ല നാട്ടില്‍ ).ഈ കൂട്ടായ്മ  ആയിരുന്നു  എണ്‍പതുകളിലും, തൊണ്ണൂറുകളുടെ മദ്ധ്യം വരെയും ഓണ പാട്ടുകളുടെ ഉത്സവ കാലം  എന്ന്  വേണേല്‍  പറയാം …അത്രെയും  കേമം  ആയിരുന്നു  ആ  പാട്ടുകള്‍ , ഞാന്‍  ഇപ്പോഴും  ഇവയെല്ലാം  സൂക്ഷിക്കുന്നു ,എത്ര കേട്ടാലും   മതി  വരാത്ത  പാട്ടുകള്‍ ….


പിന്നെ  ഉള്ള  ഒരു  സന്തോഷം  പത്തു  ദിവസം  വിദ്യാലയത്തില്‍  പോകണ്ട  എന്നുള്ളതാണ് .”ഓണക്കോടി” -,അത്  സ്ഥിരമായി  എല്ലാ  ഓണത്തിനും  എടുക്കാറില്ല , അതൊകൊണ്ട്  ഓണക്കൊടിയെ  കുറിച്ച്  കൂടുതല്‍  ഒന്നും  പറയാനില്ല …
രണ്ടു  മൂന്നു  ദിവസം  വിഭവ  സമൃദ്ധമായ  ഊണ്  കഴിച്ചു  വീട്ടില്‍  ഇരിക്കും , പിന്നെ  അമ്മയുടെ  വീട്ടില്‍  പോകും  അവിടെയാണ്  ഊഞ്ഞാല്‍  ആട്ടം  , ഓണക്കളികള്‍  എല്ലാം .


പത്താം തരം വരെ ഏതാണ്ട് ഇതുപോലെ ഒക്കെ പോയി .. അത് വരെ ഇല്ലാതെ ഇരുന്ന ചില ശീലങ്ങള്‍ തുടങ്ങി -“ഓണാശംസകള്‍” നേരുന്ന ഒരു പതിവ് . പിന്നെ കൂട്ടുകാരുടെ വീടുകളില്‍ പോകുക, അവര്‍ക്ക് എന്റെ വീട്ടില്‍ ഓണ സദ്യ കൊടുക്കുക, ഓണം കഴിഞ്ഞു കലാലയത്തില്‍ പോകുമ്പോള്‍ ഉപ്പേരി കൊണ്ട് കൊടുക്കുക …ഇങ്ങനെ കുറെ പരിചിതമല്ലാത്ത കാര്യങ്ങള്‍ ചയ്തു തുടങ്ങി . ചാനലിലെ ഓണാഘോഷം നമ്മുടെ
ഓണാഘോഷം ആയി മാറി തുടങ്ങിയ സമയം , പുറത്തെ കളികള്‍ കുറഞ്ഞു, ആഘോഷങ്ങള്‍ ക്ലബ്ബുകള്‍ ഏറ്റെടുത്തു , പിന്നെ അവരുടെ പിരിവുകള്‍ , ഓണത്തിന് മാത്രം ജനിക്കുന്ന ക്ലബുകളും ഇതിനിടയില്‍ ഉണ്ട് കേട്ടോ , അവരുടെ ഓണം ചിലവുകള്‍ നടന്നു പോകും .

ഓര്‍മകളില്‍ പിന്നെ ഉള്ളത് ചില “മാവേലി” ബന്ധുക്കള്‍ ആണ് –ഓണത്തിന് മാത്രമേ അവരെ ആ വഴിക്ക് കാണാന്‍ പറ്റുകയുള്ളു — എങ്കിലും ഒരു സന്തോഷമായിരുന്നു ….

ഈ പ്രായത്തിലാണ് അച്ഛന്‍ ഓണം സമയത്ത് സ്മാള്‍ തന്നു തുടങ്ങിയത് . വളരെ  ചെറിയ  ഒരെണ്ണം. പിന്നെയും ഇതേപോലെ മൂന്ന് വര്‍ഷങ്ങള്‍ ,,അതിനു ശേഷം കോയമ്പത്തൂരില്‍ ഉപരി പഠനം , എന്നാലും ആ മൂന്ന് വര്‍ഷവും ഓണത്തിന് നാട്ടില്‍ എത്തും , പക്ഷെ വീട്ടില്‍ തന്നെ ഇരിക്കും വിരുന്നു പോകുന്ന പതിവോക്കെ നിന്നു.

ജോലിക്ക് പ്രവേശിച്ച ശേഷവും ഓണത്തിന് ബാഗ്ലൂരില്‍ നിന്നും നാട്ടില്‍ എത്തും, നാട്ടില്‍  ജോലികിട്ടിയ ശേഷവും പതിവുപോലെ ഓണം കൂടാന്‍ പറ്റി . വിവാഹ ശേഷം ഓണത്തിന് ഒപ്പം ഒരാള്‍ കൂടിയായി  , കഴിഞ്ഞ തിരുവോണത്തിന്  മകന്  ചോറു കൊടുത്തു , ഇപ്പൊ ഓണക്കോടി എടുക്കാതിരിക്കാന്‍ കഴിയുന്നില്ല …,  ഇതെല്ലാം ഇനിയും നല്ല ഓര്‍മ്മകള്‍ ആയി മാറട്ടെ  … മനസ്സിനെ മണ്ണിനോട് അടുപ്പിക്കുന്ന ഏതോ ഒരു കണ്ണി ആണ് ഓണം എന്ന് എനിക്ക് പറയാന്‍ തോന്നുന്നു . ഇതൊക്കെ പറഞ്ഞിരിക്കുമ്പോള്‍ ഓരോ ഓണവും വേഗം കടന്നു പൊയ്ക്കൊണ്ടിരിക്കുന്നു …

ഇനിയും ഒരുപാടു ഓണത്തിനുള്ള ബാല്യം പേറി… തലമുറകളുടെ ഓണ സ്മൃതികള്‍ കേട്ട് …വരും തലമുറയ്ക്ക് ഈ വാക്കെങ്കിലും -“ഓണം”- പറഞ്ഞുകൊടുക്കാന്‍ കഴിയണം എന്ന പ്രത്യാശയോടെ തല്ക്കാലം നിര്‍ത്തുന്നു.