എന്റെ ഓണം

 ണം , വര്‍ണ്ണനകള്‍ ഒന്നും ഇല്ലാതെ തന്നെ, മലയാളിയുടെ മനസോടു ചേര്‍ന്ന് നില്‍ക്കുന്ന വര്‍ണ്ണാഭമായ ഉത്സവം. എല്ലാവരും ഒത്തൊരുമയോടെ ആഘോഷിക്കുന്ന , പങ്കുവെക്കുന്ന … നന്മയുടെ, നിറവിന്റെ ,കൂട്ടായ്മയുടെ നാളുകള്‍ . ഇങ്ങനെയൊക്കെ ഇന്ന് എഴുതാന്‍ മടിയാണ് . ഇപ്പൊ കുപ്പികളുടെ എണ്ണം നോക്കിയാണ് എല്ലാ ഉത്സവങ്ങളും പൊടി പോടിക്കുന്നത് .

മാവേലി വാണ നാട് പോലെ സുന്ദരം അല്ല ഇന്നത്തെ കേരളം , നാടും നാട്ടാരും വളരെ മാറിപ്പോയി , തുമ്പയും , തൊടിയിലെ തെച്ചിയും ഇന്ന് എവിടെ ഉണ്ട് ? പോട്ടെ നല്ലോരോ വാഴയില കിട്ടുമോ , ഒരു നല്ല മാവേലിയെ കൂടി കാണാന്‍ ടിവി കാണേണ്ട അവസ്ഥയാണ്‌ ഇന്ന് മലയാളിക്ക് .– ദുരവസ്ഥ — അതായിരിക്കും കുറേക്കൂടി ഇണങ്ങുന്ന പ്രയോഗം . ഞാന്‍ ഉള്‍പെടുന്ന സമൂഹം ഇന്ന് സമയത്തെ പഴി ചാരി പല കര്‍മ്മങ്ങളും മറക്കുന്നു . ജീവിത ബുദ്ധിമുട്ടുകള്‍ പലര്‍ക്കും ആഘോഷങ്ങളില്‍ നിന്നും അകലം പാലിക്കാന്‍ ഒരു കാരണം ആകുന്നുണ്ടാകാം , എന്നാല്‍ ഓണക്കാലം ഇന്ന് പലരെയും ബുദ്ധിമുട്ടില്‍ ആക്കുന്നു എന്നുള്ളത് ഒരു യാഥാര്‍ദ്ധ്യം ആണ് . ജനസംഖ്യ  31,841,374  (ഏകദേശം) ഉള്ള കേരളം ഉത്സവകാലത് മദ്യപിക്കുന്നത്  ശരാശരി
80 കോടി രൂപക്കാണ് . ഇതിനു എനിക്ക് പരാതി  ഒന്നും ഇല്ല  പക്ഷെ കുടിക്കുവാന്‍ വേണ്ടി മാത്രം തുനിഞ്ഞു ഇറങ്ങുന്നവര്‍ അവരെ കുറിച്ച് ഒന്ന് ചിന്തിക്കുക , അവരുടെ കുടുംബത്തെ ഓര്‍ക്കുക . വെറുതെ പറയാം ആരും ചെയ്യില്ല ..ഇവിടെ നല്ലത് മാത്രം സംഭവിച്ചാല്‍ പല വകുപ്പുകളിലും ആള് കുറക്കേണ്ടി വരും , പോലിസ് ,വക്കീല്‍  , ഡോക്ടര്‍മാര്‍ … ഇവര്‍ക്കൊക്കെ പണി പോകും .

എന്നാലും ഓണക്കാലം എനിക്കിപ്പോഴും  ഒരു പിടി ഓര്‍മ്മകളും , മനസ്സിന് സന്തോഷം ഉണ്ടാകുന്ന ചില ദിവസങ്ങളും ആണ് . എല്ലാവരും “ഓണമല്ലേ” എന്ന് പറഞ്ഞു ഒത്തുകൂടാന്‍ കൊതിക്കുന്ന കുറച്ചു ദിവസങ്ങള്‍.


എന്റെ കുട്ടിക്കാലം ഓര്‍ക്കുമ്പോള്‍  – പൂവിളിയും പൂക്കളം ഇടലും ഒന്നും ഉണ്ടായിട്ടില്ല ,അന്ന്  എല്ലാവരും  കൂടിയിരുന്നു കറിക്ക് നുറുക്കും, നേന്ത്രക്കായ  പൊളിക്കും, –  ഉപ്പേരി  അച്ഛന്‍  വറത്തോളും… നമ്മള്‍  ഉപ്പു  നോക്കിയാല്‍  മതി .
ഓണപ്പാട്ടുകള്‍  ആണ്  എനിക്കിന്നും  മധുരമുള്ള  ഒരു  ഓര്‍മ്മ .രവീന്ദ്രന്‍  മാഷ്‌ (സംഗീതം ) ,ബിച്ചു ,രേമേശന്‍  നായര്‍ ,ശ്രീകുമാരന്‍  തമ്പി (രചന ) യേശുദാസ്‌ ,ചിത്ര ,സുജാത ,മിന്മിനി (ആലാപനം‌ )  തരംഗിണിയുടെ ആണ് കാസെറ്റ് (അന്ന്  സീഡി ഒന്നും പ്രചാരം ആയിട്ടില്ല നാട്ടില്‍ ).ഈ കൂട്ടായ്മ  ആയിരുന്നു  എണ്‍പതുകളിലും, തൊണ്ണൂറുകളുടെ മദ്ധ്യം വരെയും ഓണ പാട്ടുകളുടെ ഉത്സവ കാലം  എന്ന്  വേണേല്‍  പറയാം …അത്രെയും  കേമം  ആയിരുന്നു  ആ  പാട്ടുകള്‍ , ഞാന്‍  ഇപ്പോഴും  ഇവയെല്ലാം  സൂക്ഷിക്കുന്നു ,എത്ര കേട്ടാലും   മതി  വരാത്ത  പാട്ടുകള്‍ ….


പിന്നെ  ഉള്ള  ഒരു  സന്തോഷം  പത്തു  ദിവസം  വിദ്യാലയത്തില്‍  പോകണ്ട  എന്നുള്ളതാണ് .”ഓണക്കോടി” -,അത്  സ്ഥിരമായി  എല്ലാ  ഓണത്തിനും  എടുക്കാറില്ല , അതൊകൊണ്ട്  ഓണക്കൊടിയെ  കുറിച്ച്  കൂടുതല്‍  ഒന്നും  പറയാനില്ല …
രണ്ടു  മൂന്നു  ദിവസം  വിഭവ  സമൃദ്ധമായ  ഊണ്  കഴിച്ചു  വീട്ടില്‍  ഇരിക്കും , പിന്നെ  അമ്മയുടെ  വീട്ടില്‍  പോകും  അവിടെയാണ്  ഊഞ്ഞാല്‍  ആട്ടം  , ഓണക്കളികള്‍  എല്ലാം .


പത്താം തരം വരെ ഏതാണ്ട് ഇതുപോലെ ഒക്കെ പോയി .. അത് വരെ ഇല്ലാതെ ഇരുന്ന ചില ശീലങ്ങള്‍ തുടങ്ങി -“ഓണാശംസകള്‍” നേരുന്ന ഒരു പതിവ് . പിന്നെ കൂട്ടുകാരുടെ വീടുകളില്‍ പോകുക, അവര്‍ക്ക് എന്റെ വീട്ടില്‍ ഓണ സദ്യ കൊടുക്കുക, ഓണം കഴിഞ്ഞു കലാലയത്തില്‍ പോകുമ്പോള്‍ ഉപ്പേരി കൊണ്ട് കൊടുക്കുക …ഇങ്ങനെ കുറെ പരിചിതമല്ലാത്ത കാര്യങ്ങള്‍ ചയ്തു തുടങ്ങി . ചാനലിലെ ഓണാഘോഷം നമ്മുടെ
ഓണാഘോഷം ആയി മാറി തുടങ്ങിയ സമയം , പുറത്തെ കളികള്‍ കുറഞ്ഞു, ആഘോഷങ്ങള്‍ ക്ലബ്ബുകള്‍ ഏറ്റെടുത്തു , പിന്നെ അവരുടെ പിരിവുകള്‍ , ഓണത്തിന് മാത്രം ജനിക്കുന്ന ക്ലബുകളും ഇതിനിടയില്‍ ഉണ്ട് കേട്ടോ , അവരുടെ ഓണം ചിലവുകള്‍ നടന്നു പോകും .

ഓര്‍മകളില്‍ പിന്നെ ഉള്ളത് ചില “മാവേലി” ബന്ധുക്കള്‍ ആണ് –ഓണത്തിന് മാത്രമേ അവരെ ആ വഴിക്ക് കാണാന്‍ പറ്റുകയുള്ളു — എങ്കിലും ഒരു സന്തോഷമായിരുന്നു ….

ഈ പ്രായത്തിലാണ് അച്ഛന്‍ ഓണം സമയത്ത് സ്മാള്‍ തന്നു തുടങ്ങിയത് . വളരെ  ചെറിയ  ഒരെണ്ണം. പിന്നെയും ഇതേപോലെ മൂന്ന് വര്‍ഷങ്ങള്‍ ,,അതിനു ശേഷം കോയമ്പത്തൂരില്‍ ഉപരി പഠനം , എന്നാലും ആ മൂന്ന് വര്‍ഷവും ഓണത്തിന് നാട്ടില്‍ എത്തും , പക്ഷെ വീട്ടില്‍ തന്നെ ഇരിക്കും വിരുന്നു പോകുന്ന പതിവോക്കെ നിന്നു.

ജോലിക്ക് പ്രവേശിച്ച ശേഷവും ഓണത്തിന് ബാഗ്ലൂരില്‍ നിന്നും നാട്ടില്‍ എത്തും, നാട്ടില്‍  ജോലികിട്ടിയ ശേഷവും പതിവുപോലെ ഓണം കൂടാന്‍ പറ്റി . വിവാഹ ശേഷം ഓണത്തിന് ഒപ്പം ഒരാള്‍ കൂടിയായി  , കഴിഞ്ഞ തിരുവോണത്തിന്  മകന്  ചോറു കൊടുത്തു , ഇപ്പൊ ഓണക്കോടി എടുക്കാതിരിക്കാന്‍ കഴിയുന്നില്ല …,  ഇതെല്ലാം ഇനിയും നല്ല ഓര്‍മ്മകള്‍ ആയി മാറട്ടെ  … മനസ്സിനെ മണ്ണിനോട് അടുപ്പിക്കുന്ന ഏതോ ഒരു കണ്ണി ആണ് ഓണം എന്ന് എനിക്ക് പറയാന്‍ തോന്നുന്നു . ഇതൊക്കെ പറഞ്ഞിരിക്കുമ്പോള്‍ ഓരോ ഓണവും വേഗം കടന്നു പൊയ്ക്കൊണ്ടിരിക്കുന്നു …

ഇനിയും ഒരുപാടു ഓണത്തിനുള്ള ബാല്യം പേറി… തലമുറകളുടെ ഓണ സ്മൃതികള്‍ കേട്ട് …വരും തലമുറയ്ക്ക് ഈ വാക്കെങ്കിലും -“ഓണം”- പറഞ്ഞുകൊടുക്കാന്‍ കഴിയണം എന്ന പ്രത്യാശയോടെ തല്ക്കാലം നിര്‍ത്തുന്നു.

4 thoughts on “എന്റെ ഓണം

  1. ഇപ്രാവിശ്യം നാട്ടില്‍ പോയപ്പോള്‍ എനിക്കുണ്ടായതും ഇതേ വിചാരങ്ങള്‍ ഓര്‍മ്മകള്‍ .. ഓണം എന്ന മലയാളിയുടെ സ്വന്തം ഉത്സവം മറഞ്ഞു പോകാതിരിക്കട്ടെ എന്ന് പ്രാര്‍ത്ഥിച്ചുകൊണ്ട് നിര്ത്തുന്നു..

Leave a comment